സിദ്ദീഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്, ട്രോളി ബാഗുകൾ ചുരത്തിന്റെ ഒമ്പതാം വളവിൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍

  • 26/05/2023

തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ കൊലപാതകത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിൽ കൊക്കയിൽ കണ്ടെത്തി. ഇവിടെയുള്ള നീർച്ചാലിലെ പാറക്കെട്ടുകളിൽ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയുമാണ് പിടിയിലായത്. 

ഈമാസം 18ന് കാണാതായ കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി പ്രതികൾ മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. 

രണ്ടാഴ്ച മാത്രമാണ് പ്രതി ഷിബിലി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്. കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫര്‍ഹാനയും മേയ് 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജി 03, ജി 04 എന്നീ മുറികളിലാണ് ഇവരുണ്ടായിരുന്നത്. അന്നോ പിറ്റേദിവസമോ കൊലപാതകം നടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേയ് 19-ാം തീയതി രണ്ട് ട്രോളിബാഗുകളുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്

ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശിയാണ് ഷിബിലി. സംഭവത്തിൽ ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആഷിക് കൊലപാതകം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. ചെന്നൈയില്‍ പിടിയിലായ രണ്ടുപ്രതികളെയും വെള്ളിയാഴ്ച വൈകിട്ടോടെ തിരൂരില്‍ എത്തിക്കും. ഇതിനുശേഷം വിശദമായ ചോദ്യംചെയ്യലുണ്ടാകും.

സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ മകൻ തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിൽ നിന്ന് പ്രതികൾ പിടിയിലായത്. 

വ്യാഴാഴ്ച വൈകീട്ട് മുതൽ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വീട്ടിൽ നിന്നും പോയ വ്യാഴം രാത്രി ആണ് ഫോൺ സ്വിച് ഓഫ്‌ ആയത്. പണം പിൻവലിച്ചത് അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മിൽ നിന്നാണ്. അന്ന് തന്നെയാണ് ഫോണിൽ നിന്ന് ഗൂഗിൾ പെ ഇടപാടും നടന്നത്.

Related News