അമ്മയെ അസഭ്യം പറയാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിക്ക് സഹപാഠിയുടെ ക്രൂരമര്‍ദ്ദനം; കറിപ്പാത്രം ചൂടാക്കി പൊള്ളിച്ചു, മുറിവിൽ മുളകുപൊടി വിതറി

  • 26/05/2023


തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി പോലീസ് എഫ്.ഐ.ആര്‍. സഹപാഠിയായ ലോഹിതയാണ് ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥിനി  ദീപികയെ ക്രൂരമായി ആക്രമിച്ചത്. 

ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്.  18-ാം തീയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചു.

 കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാൻ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാൽ കറിവീണ് ശരീര ഭാഗങ്ങൾ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവിൽ പ്രതി ലോഹിത മുളകുപൊടി വിതറി. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചു. ഇതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. ഐപിസി 342, 323, 324, 326 എ, 328, 506 അടക്കമുള്ള വകുപ്പുകളാണ് ലോഹിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

(ചിത്രം - ലോഹിത)

  

Related News