കൈക്കൂലി വാങ്ങിയതെന്ന് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ്; മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസ്

  • 27/05/2023

പാലക്കാട്: മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. മേലുദ്യോഗസ്ഥർക്കും പങ്ക് നൽകിയിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരുടെ പേര് സുരേഷ് വെളിപ്പെടുത്തിയില്ല. സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകാനായി പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും.  നേരത്തെ, കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ പറഞ്ഞിരുന്നു. സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ, ഇയാൾ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണെന്ന് അറിയില്ലായിരുന്നെന്നും നല്ല ഉദ്യോഗസ്ഥനായിരുന്നെന്നും വില്ലേജ് ഓഫിസർ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വില്ലേജ് ഓഫിസർ വ്യക്തമാക്കി. 

ലോഡ്ജ് മുറിയിൽ കണ്ടത്തിയ പണം പൂർണമായി താൻ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാർ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഏകദേശം ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങി ലോഡ്ജിൽ സൂക്ഷിച്ച സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കൈയോടെ പിടിയിലായത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്. 

കഴിഞ്ഞ ദിവസം വിജിലൻസ് കോടതി സുരേഷ് കുമാറിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു.  3 വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കുമെന്നും ആരോപണമുണ്ടായിരുന്നു. സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു.

Related News