'ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയിട്ടു'; കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

  • 28/05/2023

എ ഐ ക്യാമറ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെൻണ്ടറിൽ പങ്കെടുത്ത അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെൽട്രോണിന്റെതെന്ന് ആരോപിച്ചു.

സംസ്ഥാനത്തെമ്പാടും എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയതെന്നും എ ഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്നും അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ ക്യാമറകളുടെ വിലവിവരം മറച്ച് വെക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എഐ ക്യാമറാ വിവാദത്തിൽ സർക്കാരിനെതിരെ കെപിസിസി അധ്യക്ഷനും രംഗത്തെത്തി. കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ച എഐ ക്യാമറ പദ്ധതിക്കെതിരേ കോൺഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമർശിച്ച സിപിഐഎം, മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്ക് കുടപിടിക്കുന്ന പ്രസ്ഥാനമായി തരംതാഴ്‌ന്നെന്ന് കെ സുധാകരൻ പറഞ്ഞു. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സിപിഐഎമ്മെങ്കിൽ കോൺഗ്രസിനോടൊപ്പം സമരത്തിൽ പങ്കാളികളാകണം. എഐ ക്യാമറ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നെന്നും സുധാകരൻ പറഞ്ഞു.

Related News