കടബാധ്യത: വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി; മരിച്ചത് തിരുനെല്ലി സ്വദേശി

  • 28/05/2023

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടബാധ്യത മൂലം കർഷകൻ ജീവനൊടുക്കി. മാനന്തവാടി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അരണപ്പാറ വാകേരി മുകുന്ദ മന്ദിരത്തിൽ പി കെ തിമ്മപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെ മുതൽ തിമ്മപ്പനെ കാണാനില്ലായിരുന്നു. തുടർന്നു ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കാണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തിരുനെല്ലി പോലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച രാവിലെ 9.30 ഓടെ തിമ്മപ്പനെ കൃഷിയിടത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ സ്വത്തായി അഞ്ചേക്കർ വയലും നാലേക്കർ കരഭൂമിയുമാണുള്ളത്. കൃഷിയിലുണ്ടായ നഷ്ടത്തെ തുടർന്ന് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. പിന്നോക്ക വികസന കോർപ്പറേഷനിൽ മൂന്നു ലക്ഷം രൂപയും തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലും സ്വകാര്യ വ്യക്തികൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുള്ളതായാണ് പറയുന്നത്. കടം വീട്ടാനായി സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിൽപ്പന നടത്തിയിരുന്നു.

മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽനിന്നു പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മുകുന്ദമന്ദിരത്തിൽ പരേതനായ റിട്ട. അധ്യാപകൻ വി കെ കൃഷ്ണൻ ചെട്ടിയുടെയും ദേവകിയമ്മയുടെയും മകനാണ് തിമ്മപ്പൻ. ശ്രീജയാണ് ഭാര്യ. മക്കൾ: ഗൗതം കൃഷ്ണ, കാർത്തിക് കൃഷ്ണ, ലക്ഷ്മി പ്രിയ.

Related News