നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘം പിടിയിൽ

  • 29/05/2023

ആലപ്പുഴ: വിവധ ജില്ലകളില്‍ വാടകയ്ക്ക് താമസിച്ച്‌ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം കുട്ടിച്ചല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോട്ടൂര്‍ പി ഒ യില്‍ ചവടമൂട് സൗദ് മൻസില്‍ സൗദ് (24), സഹോദരനായ സബിത്ത് (19), തിരുവനന്തപുരം കരമന, കാലടി കോടല്‍ വീട്ടില്‍ കാര്‍ത്തിക്ക് (18) എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.


അന്വേഷണത്തില്‍ കളിത്തട്ട് ഭാഗത്ത് വാടകയ്ക്ക് എടുത്ത് താമസിച്ച്‌, ഗൂഡാലോചന നടത്തി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നും എട്ട് ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ മോഷണം നടത്തിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ബുള്ളറ്റുകളുടെ യാഥാര്‍ത്ഥ ആര്‍സി ഉടമസ്ഥരുടെ ഫോണ്‍ നമ്ബര്‍, പരിവാഹൻ ഓണ്‍ലൈൻ സൈറ്റിലുടെ മൊബൈല്‍ ഫോണ്‍ അപ്ഡേഷൻ നടത്തി മാറ്റിയും, എൻജിൻ നമ്ബരിലും, ചെയ്സിസ് നമ്ബരിലും മാറ്റങ്ങള്‍ വരുത്തി ആര്‍ സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് ഓണ്‍ലൈനിലൂടെ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി.

പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വിട്ടില്‍ നിന്നും വ്യാജമായി ആര്‍ സി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റര്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലീക്കേറ്റ് താക്കോലുകളും കണ്ടെടുത്തു. പ്രതികള്‍ എറണാകുളം മരട്, എറണാകുളം സെൻട്രല്‍, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസ്സുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ നിലവില്‍ 8 ഓളം ബുള്ളറ്റുകള്‍ മോഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ ഇനിയും മറ്റ് കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിവരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എ വി ബിജുവിന്റെ നേതൃത്വത്തില്‍ സബ്ബ് ഇൻസെപ്കടര്‍ സജീര്‍ ഇഎം, എഎസ്‌ഐ ജയദേവ്, നിഷ, സി പി ഒ മാരായ സുരേഷ്, ബിനു സജീഷ് എന്നീവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related News