എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം: മനുഷ്യാവകാശ കമ്മിഷൻ

  • 29/05/2023

തിരുവനന്തപുരം: എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതുസംബന്ധിച്ച്‌ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.


തിരുവല്ലം ബൈപ്പാസില്‍ കഴിഞ്ഞ ജനുവരി 30ന് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച്‌ വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തില്‍ കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 1,000 സി.സി. എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ ബൈക്കാണ് അപകടത്തില്‍ പെട്ടത്. ബൈക്ക് റേസിങ്ങാണ് അപകടകാരണമെന്നായിരുന്നു ആരോപണം.

സംസ്ഥാനത്തെ റോഡുകളില്‍ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്പീഡ് ബംപുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളില്‍ ഫെൻസിംഗും സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അപകടം കൂടാതെ ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. മീഡിയനുകളിലുള്ള ചെടികള്‍ മറുവശത്തെ കാഴ്ച മറയ്ക്കുന്നില്ലെന്ന് പരിശോധിച്ചുറപ്പാക്കണം. വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകള്‍, ഹോര്‍ഡിങ്, കൊടി എന്നിവ സ്ഥാപിക്കരുത്. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.

Related News