അരികൊമ്പൻ വനത്തിനുള്ളിൽ; തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി

  • 30/05/2023

കമ്ബം: വനത്തിലേക്ക് കയറിയ അരിക്കൊമ്ബനെ കണ്ടെത്താൻ കഴിയാത്തതിനാല്‍ തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി. ആനയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക അഞ്ചാംഗ പ്രത്യേക സംഗത്തെയും നിയോഗിച്ചു. അതേസമയം, അരിക്കൊമ്ബന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതിനിടെ കമ്ബം ടൗണില്‍ വെച്ച്‌ അരിക്കൊമ്ബൻ തട്ടിയിട്ട് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കമ്ബം സ്വദ്ദേശി പാല്‍രാജ് മരിച്ചു.


രാവിലെ ഷണ്‍മുഖ നദീ ഡാമിന് സമീപത്തെ ഷണ്‍മുഖനാഥ ക്ഷേത്ര പരിസരത്ത് അരിക്കൊമ്ബൻ എത്തിയിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന വൃദ്ധ കൊമ്ബനെ നേരിട്ട് കണ്ടു. വിവരം വനം വകുപ്പിനെയും പൊലീസിനെയും അറിയിച്ചു. വനപാലകര്‍ എത്തിയപ്പോഴേക്കും അരിക്കൊമ്ബൻ മറ്റൊരു സ്ഥലത്തേക്ക് നടന്ന് നീങ്ങി. ആന ഒന്നര കിലോമീറ്ററിലധികം വനത്തിലൂടെ സഞ്ചരിച്ചതായാണ് വിവരം. വനത്തില്‍ നിന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും കുടിച്ച്‌ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്. കൊമ്ബനെ മയക്കുവെടിവെയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്കെത്തിക്കാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. ഉള്‍ക്കാട്ടിലുള്ള അരിക്കൊമ്ബനെ നേരിട്ട് കാണാൻ വനം വകുപ്പിനായിട്ടില്ല.
ഇതേ തുടര്‍ന്നാണ് ആനകളെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ സംഘത്തെ മുതുമലയില്‍ നിന്നും എത്തിക്കുന്നത്.

സംഘത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മീൻ കാളാൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരോടൊപ്പം, വെറ്ററിനറി സര്‍ജൻ ഡോ. രാജേഷുമുണ്ടാകും. ജനവാസ മേഖലയിലേക്ക് ഇറങ്ങി വന്നാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് വനം വകുപ്പ് തീരുമാനം. അരിക്കൊമ്ബൻ കമ്ബം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെയാണ് എതിരെ ബൈക്കില്‍ വന്ന പാല്‍രാജിനെ തട്ടിയിട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് പാല്‍രാജ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അതിനിടെ, അരിക്കൊമ്ബനായി ട്വൻ്റി ട്വൻ്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്രസര്‍ക്കാരിനൊപ്പം തമിഴ്നാട് സര്‍ക്കാരിതെയും ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.

Related News