ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ്സിൻറെ ഒളിച്ചോട്ടതന്ത്രം: പിണറായി വിജയൻ

  • 06/07/2023

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ്സിൻറെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിനെതിരെ നിലകൊള്ളാൻ കോണ്‍ഗ്രസ്സിന് മടിയാണ്. ഏക സിവില്‍ കൊണ്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടും നയവുമില്ലെന്നും പിണറായി വിജയൻ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സിന്‍റേത് വഞ്ചനാപരമായ നിലപാടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.


ഏക സിവില്‍ കോഡ് വിഷയത്തില്‍ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണ്. കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്? ഹിമാചല്‍ മന്ത്രികൂടിയായ കോണ്‍ഗ്രസ്സ് നേതാവ് വിക്രമാദിത്യ സിങ്ങ് ഏകസിവില്‍ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമാണോ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാട്? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിയെ എതിര്‍ക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോണ്‍ഗ്രസ് മടിക്കുകയാണ്- പിണറായി പറഞ്ഞു.

ദില്ലി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓര്‍ഡിനൻസിനെ കോണ്‍ഗ്രസ്സ് ഫലത്തില്‍ അനുകൂലിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാര്‍ ഈ ഓര്‍ഡിനൻസിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദില്ലി സര്‍ക്കാരിനെതിരെ നിലപാടെടുക്കാനാണ് കോണ്‍ഗ്രസ്സിന്റെ ദില്ലി, പഞ്ചാബ് ഘടകങ്ങള്‍ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിന് പിന്തുണ നല്‍കാൻ തയ്യാറായില്ല. ഏക സിവില്‍ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ്സ് പിന്തുടരുന്നത്- മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Related News