വ്യത്യസ്ത വ്യക്തിനിയമങ്ങൾ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗം: കെ.കെ.ഐ.സി. സെമിനാർ

  • 15/07/2023


ഖൈതാൻ: ഇന്ത്യൻഭരണഘടന മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി ഉറപ്പുതന്നിട്ടുള്ള വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വ്യത്യസ്ത വ്യക്തിനിയമങ്ങളെന്നും ഇന്ത്യൻ ബഹുസ്വരതയുടെ ആധാരമായ സാംസ്കാരിക വൈവിധ്യങ്ങളെ നിരാകരിക്കാനുള്ള ഏത് ശ്രമത്തെയും എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി എതിർക്കണമെന്നും കുവൈത്ത് കേരള ഇസ്‌ലാഹീ സെൻ്റർ ഫർവാനിയ സോൺ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ക്ഷേമരാഷ്ട്രനിർമ്മിതിക്കായുള്ള ഒട്ടേറെ മാർഗനിർദ്ദേശങ്ങൾ ഇനിയും നടപ്പാക്കാൻ ബാക്കിയിരിക്കെ, അപ്രായോഗികവും അനാവശ്യവും അനഭിലഷണീയവുമെന്ന് മുൻനിയമകമ്മീഷൻ വിലയിരുത്തിയ ഏകീകൃത വ്യക്തിനിയമത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ അനാവശ്യതിടുക്കം കാണിക്കുന്നത് രാജ്യതാൽപര്യം മുൻനിർത്തിയല്ല. വ്യക്തിനിയമങ്ങൾ ഏകീകരിച്ച് എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് പറയുന്നവർ തന്നെ ചില വിഭാഗങ്ങൾക്ക് ബാധകമാവില്ലെന്ന് പറയുന്നതിലൂടെ ലക്ഷ്യം ഐക്യമല്ല, ഭിന്നിപ്പുണ്ടാക്കലാണെന്ന് വ്യക്തമാകുന്നുണ്ട്. അധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി വർഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് മതനിരപേക്ഷ നിലപാടുകളിലൂടെ പ്രതിരോധിക്കാൻ എല്ലാവരും ചേർന്നുനിൽക്കണമെന്ന് സെമിനാറിലെ പ്രഭാഷകർ ആഹ്വാനം ചെയ്തു.

വ്യക്തിനിയമം: വിശ്വാസവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കെ.സി. മുഹമ്മദ് നജീബ് വിഷയമവതരിപ്പിച്ച് സംസാരിച്ചു. 

കുവൈത്തിലെ വിവിധ മത , രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച്, ഫാദർ സുബിൻ ജോൺ( മലങ്കര ഓർത്തഡോക്സ് ചർച്ച്),
ചെസ്സിൽ ചെറിയാൻ രാമപുരം( കോൺഗ്രസ്സ്)

ഹാരിസ് വള്ളിയോത്ത് 
( കെ.കെ.എം.സി.സി),
 
സെമിൻ ആസ്മിൻ (കേരള അസോസിയേഷൻ),

ശരീഫ് . പി.ടി.(കെ.ഐ.ജി) എന്നിവർ പ്രസംഗിച്ചു. 

കെ. കെ. ഐ. സി കേന്ദ്ര ആക്റ്റിംങ്ങ് ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കെ. കെ. ഐ. സി കേന്ദ്ര ദഅവ സെക്രട്ടറി പി.എൻ. അബ്ദുറഹിമാൻ സമാപന പ്രസംഗം നടത്തി.

കെ.കെ.ഐ.സി ഫർവാനിയ സോൺ ജനറൽ സെക്രട്ടറി ഷബീർ സലഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫർവാനിയ സോൺ ഭാരവാഹികളായ ജഅഫർ ലുലു സ്വാഗതവും , മുനീർ നന്ദിയും പറഞ്ഞു.

Related News