ജന സാഗരത്തിന്റെ അകമ്ബടിയോടെ ഉമ്മൻ‌ചാണ്ടിയുടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിൽ എത്തി

  • 20/07/2023

കോട്ടയം : ജനസാഗരം സാക്ഷി. വിലാപ ഗാനവും മുദ്രാവാക്യം വിളികളും അകമ്ബടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തി. കരോട്ട് വള്ളക്കാലില്‍ വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം, പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ പൊതു ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ജന സാഗരത്തിന്റെ അകമ്ബടിയോടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിലേക്ക് എത്തിയത്. 10.30 പള്ളിയില്‍ പൊതുദ‍‍ര്‍ശനം നടക്കും. അതിന് ശേഷമാകും സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക.


കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. ശുശ്രൂഷകളില്‍ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പള്ളിയിലും കാത്തുനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരൻ, എകെ ആന്റണി, വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തിച്ചേ‍‍ര്‍ന്നിട്ടുണ്ട്.

ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി സാധാരണക്കാരുടെ കണ്ണീര്‍പ്പൂക്കള്‍. 28 മണിക്കൂര്‍ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് വിലാപയാത്ര രാവിലെ 11 നാണ് കോട്ടയം തിരുനക്കരയില്‍ എത്തിയത്. അക്ഷരാര്‍ത്ഥത്തില്‍, മണ്ണ് നുള്ളിയിട്ടാല്‍ താഴാത്ത ജനസമുദ്രമാണ് വഴിനീളെയുണ്ടായത്. അധികാരത്തെ എന്നും അപരനോടുള്ള കരുണയാക്കിയ നേതാവിനെ യാത്രയാക്കാൻ മമ്മൂട്ടി, ദിലീപ് അടക്കമുള്ള താരങ്ങളും നേതാക്കളും കാത്തുനിന്നിരുന്നു.

Related News