ഏകീകൃത സിവില്‍ കോഡിനെ ഒരേ മനസോടെ എതിര്‍ത്ത് മതനേതാക്കളും രാഷ്ട്രീയ കക്ഷികളും

  • 26/07/2023

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെ ഒരേ മനസോടെ എതിര്‍ത്ത് മതനേതാക്കളും രാഷ്ട്രീയ കക്ഷികളും. മുസ്ലിം കോര്‍ഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണനടക്കം പങ്കെടുത്തു. യോഗത്തില്‍ കോണ്‍ഗ്രസിനെ നിലപാടിലെ അവ്യക്തതയെ വിമര്‍ശിക്കുന്ന സിപിഎമ്മിനെ ഉന്നമിട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിനിധി വിടി ബല്‍റാമിന്റെ വിമര്‍ശനം.


ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശിച്ചു. ബഹുസ്വരത അപകടപ്പെട്ടാല്‍ ദേശീയത തന്നെ അപകടത്തിലാകും. ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുകയെന്നതാണ് പൗരന്റെ കടമ. പലരെയും പല വിധത്തില്‍ ഏകീകൃത സിവില്‍ കോഡ് എന്ന അപകടം ബാധിക്കും. സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഇന്ത്യയെ ഒന്നിപ്പിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന് ശേഷം ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുന്ന സംഭവമായി ഈ വിഷയം മാറി. ഈ ഐക്യം വേദിയില്‍ മാത്രം ഒതുക്കാതെ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ മാ സുബ്രഹ്മണ്യം സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് ഡിഎംകെയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന സ്വഭാവവും നമ്മള്‍ പിന്തുടരുന്ന പാരമ്ബര്യവും ഇല്ലാതാക്കും. മത സൗഹാര്‍ദത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News