കൊലവിളി പ്രസംഗം: പി ജയരാജനെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി യുവമോര്‍ച്ച

  • 27/07/2023

കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി യുവമോര്‍ച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ വിവാദ പ്രസംഗം. ഷംസീറിന് ജോസഫ് മാഷിന്‍റെ അനുഭവം ഉണ്ടാകുമെന്ന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.


ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം. ഇതിനെതിരെയായിരുന്നു ജയരാജന്റെ പ്രതികരണം. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും പി ജയരാജൻ പറഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാൻ സ്ഥാനത്ത് നിന്നും നീക്കാൻ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്ബും പലരെയും മോര്‍ച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജനെന്ന് അദ്ദേഹം ആരോപിച്ചു. ജയരാജൻ വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്ബില്‍ മുട്ടുമടക്കുന്നവരല്ല യുവമോര്‍ച്ചക്കാര്‍. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികള്‍ക്ക് നല്‍കുന്നത്. ഭരണത്തിന്റെ ഹുങ്കില്‍ അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാല്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Related News