വിഷം കഴിച്ചു, പെൺകുഞ്ഞുമായി അമ്മ പുഴയിൽ ചാടി ജീവനൊടുക്കി; ഭർത്താവടക്കമുള്ള പ്രതികൾക്ക് ജാമ്യമില്ല, ഒളിവിൽ

  • 27/07/2023

കൽപറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗർഭിണിയായ യുവതി പുഴയിൽ ചാടി മരിക്കിനിടയായ സംഭവത്തിൽ പ്രതികൾക്ക് ജാമ്യമില്ല.  കുറ്റക്കാരെന്ന് ആരോപണം നേരിടുന്നവരുടെ ജാമ്യപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി. വിജയകുമാർ-വിശാലാക്ഷി ദമ്പതികളുടെ മകൾ ദർശന(32), ദർശനയുടെ മകൾ ദക്ഷ (അഞ്ച്) എന്നിവരാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.

കേസിലെ പ്രതികളായ ദർശനയുടെ ഭർത്താവ് ഓം പ്രകാശ്, ഇദ്ദേഹത്തിന്റെ പിതാവ് ഋഷഭ രാജൻ, മാതാവ് ബ്രാഹ്‌മില എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കേടതി തള്ളിയത്. ദർശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. മുമ്പ് രണ്ട് തവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും അതിന് നിർബന്ധിച്ചതോടെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി പറയുന്നത്

ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൽപ്പറ്റ ഡി.വൈ.എസ്.പി ടി.എൻ. സജീവാണ് കേസ് അന്വേഷിക്കുന്നത്.മുൻകൂർ ജാമ്യപേക്ഷ തള്ളിയെങ്കിലും ഓം പ്രകാശും മാതാപിതാക്കളും ഒളിവിലാണെന്നാണ് വിവരം. ഇക്കഴിഞ്ഞ ജൂലൈ പതിമൂന്നിന് ഉച്ചകഴിഞ്ഞാണ് ദർശന കുഞ്ഞുമായി പുഴയിൽ ചാടിയത്. ദർശനയെ രക്ഷിച്ചെങ്കിലും പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവർ വിഷം കഴിച്ചശേഷമായിരുന്നു പുഴയിലേക്ക് ചാടിയിരുന്നത്. പുഴയിൽ കാണാതായ മകൾ ദക്ഷക്ക് വേണ്ടി രണ്ട് ദിവസം പൂർണമായും തിരഞ്ഞെങ്കിലും മൂന്നാംദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related News