ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു

  • 29/07/2023

കൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി െൈലംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറസ്‌കിക് സംഘത്തിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. കുട്ടി ധരിച്ചിരുന്ന ബനിയൻ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത്. ഫോറൻസിക് വിവരമനുസരിച്ച് പ്രതിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി
നാളെ കോടതിയിൽ ഹാജരാക്കും. 

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയിൽ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ ബിഹാർ സ്വദേശി അസഫാക് അലം പൊലീസിനോട്  സമ്മതിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച്  അബോധാവസ്ഥയിലായിരുന്ന ഇയാളിൽ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയിൽ വേസ്റ്റേഷൻ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല. 

രാവിലെ മാധ്യമ വാർത്തകളും സോഷ്യൽ മീഡിയയിൽ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയിൽ പെട്ട ആലുവ മാർക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാർക്കറ്റിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടർന്നാണ് 12 മണിയോടെ മാർക്കറ്റിനു പുറകിൽ മാലിന്യം നിക്ഷേപിക്കുന്ന പെരിയാർ തീരത്ത് മൃതദേഹം കണ്ടത്.

ചാക്കിൽ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടി കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ മാർക്കറ്റ് പരിസരത്ത് ജനം തടിച്ചു കൂടി. ഇതിനിടെ കുട്ടിയെ കൊലപ്പെടുത്തിയ  സ്ഥലത്തേക്ക് പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പുറത്തിറക്കാതെ  മടക്കിക്കൊണ്ടു പോയി. 3 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൂന്ന് മണിയോടെയാണ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

താൻ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസഫാക്കിൻറെ മൊഴി. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മാർക്കറ്റിൽ കുട്ടിയുമായി വൈകിട്ട് 3 മണിക്ക് ശേഷം ഇയാൾ ഒറ്റക്കാണ് എത്തിയതെങ്കിലും ആ പ്രദേശത്ത് മറ്റ് ചിലർ കൂടിയുണ്ടായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും ഒത്തു കൂടുന്ന സ്ഥലത്തേക്ക് ഇയാൾ കുട്ടിയുമായി വന്നതെന്തിന്  കൊലപാതകം ഒറ്റയ്ക്കാണോ ചെയ്തത് തുടങ്ങിയ ഓട്ടനേകം ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടേണ്ടത്. കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകൾ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

Related News