ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കെ.സുധാകരൻ

  • 29/07/2023

ആലുവയിൽ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടിയ ശേഷം പൊലീസ് അന്വേഷണത്തിൽ ഗൗരവം ഉൾക്കൊണ്ടില്ലെന്നാണ് വിമർശനം. പൊലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. ആലുവയിൽ അഞ്ച് വയസുകാരിയെ കണ്ടെത്താൻ ആദ്യ ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തീവ്രശ്രമമുണ്ടായില്ലെന്ന വിമർശനങ്ങൾക്ക് പിന്നാലെ മകളേ മാപ്പ് എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. ഇതോടെ വീണ്ടും വ്യാപക വിമർശനമുയർന്നു.

പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ പ്രതികരണം. ആദ്യ അന്വേഷണത്തിൽ തന്നെ പ്രതിയെ പിടികൂടി. പിന്നെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമവും നടത്തി. ഒരു വീഴ്ചയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വേണ്ട നടപടികളെല്ലാം പൊലീസ് സ്വീകരിക്കുന്നുണ്ട്. മറ്റ് കാര്യങ്ങളിലേക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം കടക്കും. പൊലീസ് വളരെ പെട്ടന്നാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതെന്നും ഡിജിപി ഷേഖ് സർവേഷ് സാഹിബ് പറഞ്ഞു.

കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related News