നൗഷാദ് 'തിരോധാന' കേസ്: ഭാര്യ ഇന്ന് ജയിൽ മോചിതയാകും

  • 29/07/2023

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവിനെ കൊന്നെന്ന് മൊഴി നൽകിയ അഫ്സാന ഇന്ന് ജയിൽ മോചിതയാകും. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ കൊന്നെന്ന അഫ്‌സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അഫ്സാന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ സബ് ജയിലിൽ ഇന്ന് ജാമ്യ ഉത്തരവ് ഹാജരാക്കും. ഇതോടെ അഫ്സാനയ്ക്ക് ജയിൽമോചിതയാകാം. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാന പൊലീസിന് നൽകിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. അഫ്സാനയ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. 

നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. 2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടക വീട്ടിൽ നിന്ന് പോവുകയായിരുന്നു. മർദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന മൊഴി നൽകിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദ് നൽകിയ മൊഴി. 

പിതാവ് അഷ്‌റഫിന്റെ പരാതിയിൽ അന്നുമുതൽ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താൻ തലക്കടിച്ചു കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നുമാണ് അഫ്സാന നൽകിയ മൊഴി. മൊഴി വിശ്വസിച്ച പൊലീസ് പരുത്തിപ്പാറയിലെ വാടക വീടിന് ചുറ്റും ഒരു പകൽ മുഴുവൻ കുഴിച്ചു പരിശോധിച്ചു. സെപ്റ്റിക് ടാങ്കുവരെ ഇളക്കി പരിശോധിച്ചിട്ടും മൃതദേഹം കിട്ടാതായതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഈ തെരച്ചിലിന്റെ വാർത്ത മാധ്യമങ്ങളിൽ കണ്ട ഇടുക്കി തൊമ്മൻകുത്തിനടുത്ത കുഴിമറ്റം എന്ന സ്ഥലത്തെ നാട്ടുകാർ തൊടുപുഴ പൊലീസിന് നിർണായകമായ ഒരു വിവരം കൈമാറി. നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഇവിടെ കൂലിപ്പണിക്കാരനായി കഴിയുന്നുണ്ടെന്നായിരുന്നു ആ വിവരം. ഒന്നര വർഷം ഒരു മൊബൈൽഫോൺ ഫോൺ പോലും ഉപയോഗിക്കാതെ നാടുവിട്ട് ഒളിച്ചു താമസിച്ച നൗഷാദിനെ ഒടുവിൽ കണ്ടെത്തുകയായിരുന്നു.



Related News