സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു

  • 30/07/2023

പാലക്കാട്: പാലക്കാട് കൊപ്പത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്ബി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. യൂത്ത് ലീഗിനും സ്പീക്കര്‍ എ എൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കൊപ്പത്ത് നടത്തിയ പ്രകടനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗമുണ്ടായി.


നേരത്തെ, മണിപ്പൂര്‍ കലാപത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മുദ്രാവാക്യം വിളിച്ചു നല്‍കിയ ആളടക്കമാണ് പിടിയിലായത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അബ്ദുള്‍ സലാം, ഷെരീഫ്, ആഷിര്‍, അയൂബ്, മുഹമ്മദ്‌ കുഞ്ഞി എന്നിവരെയാണ് ഹൊസ്‌ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു.

Related News