കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം

  • 31/07/2023

കോട്ടയം: കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം. പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്‍റെ സംഘടനാപരമായ തയ്യാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ് നിലവില്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി.ജോസഫിനുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നാല്‍പതാം നാളിനു ശേഷം മാത്രം പരസ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.


പുതുപ്പളളി തോട്ടയ്ക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ഥം പുതുപ്പളളി പളളിയിലെ അദ്ദേഹത്തിന്‍റെ ഖബറിടത്തിലേക്കു അനുശോചന യാത്ര നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയോടുളള സ്നേഹാദരവുകള്‍ അടയാളപ്പെടുത്തുകയാണ് യാത്രാ ലക്ഷ്യമെങ്കിലും ഉപതെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ കൂടിയായാണ് ഇത്തരം അനുശോചന പരിപാടികള്‍ വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരിട്ടെത്തി നടത്തിയ പ്രാഥമിക നേതൃ ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവഞ്ചൂരിനും കെസി ജോസഫിനും തെരഞ്ഞെടുപ്പ് ചുമതല നല്‍കാനുളള തീരുമാനമെടുത്തത്. നാലു പഞ്ചായത്തുകള്‍ വീതമുളള രണ്ട് ബ്ലോക്കുകളായി തിരിച്ച്‌ താഴെ തട്ടില്‍ പ്രവര്‍ത്തനം തുടങ്ങും. രണ്ടാം തീയതി വീണ്ടും പ്രതിപക്ഷ നേതാവ് കോട്ടയത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. താഴെ തട്ടിലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്.

Related News