അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

  • 31/07/2023

തിരുവനന്തപുരം: കാലവര്‍ഷം ശക്തി കുറഞ്ഞതോടെ ഇനിയുള്ള രണ്ടു മാസം മഴയില്‍ കൂടുതല്‍ പ്രതീക്ഷ വേണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തും മഴ കുറയും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.


31-07-2023 ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31-07-2023 & 01-08-2023: കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Related News