പൊലീസിനെതിരായ അഫ്സാനയുടെ ആരോപണത്തിൽ വകുപ്പുതല അന്വേഷണം; നിർദേശം മുഖ്യമന്ത്രിയുടേത്

  • 31/07/2023

പത്തനംതിട്ടയിലെ നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ പൊലീസിനെതിരായ ആരോപണത്തിൽ നടപടി. കൊലക്കുറ്റം പൊലീസ് തനിക്ക് മേൽ അടിച്ചേൽപ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെത്തുടർന്നാണ് സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കാനിരിക്കുന്നത്. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ് പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് എസ്പിയ്ക്ക് നിർദേശമുണ്ട്. 

പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞിരുന്നു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവർ കാണിച്ചു.

താൻ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പ്രതികരിച്ചു.

Related News