അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതി; മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങി

  • 01/08/2023

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതിയാണ്. 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. 2018 ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.


അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയല്‍ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാര്‍ക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച്‌ താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഇത് സത്യമെന്ന് താജുദ്ദീൻ വിശ്വസിച്ചു.

പിറ്റേദിവസം മാധ്യമങ്ങളില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം താജുദ്ദീൻ അറിഞ്ഞത്. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാൻ കഴിയാതെ പോയതില്‍ അതിയായ ദുഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും സാക്ഷി താജുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Related News