എ എൻ ഷംസീറിന്റെ പരാമർശത്തിനെതിരെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം: നാമജപ ഘോഷയാത്ര നടക്കും

  • 01/08/2023

സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതോടൊപ്പം നാമജപ ഘോഷ യാത്രയും ഇന്ന് നടത്തും. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തും വിധം പ്രതികരണം നടത്തിയ സ്പീക്കർക്കെതിരെ നടപടി ആവശ്യപ്പെട്ടതിനെ നിസാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. 

ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും സിപിഐഎം അംഗീകരിച്ചിരുന്നില്ല. വിശ്വാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകർ രാവിലെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാടുകൾ നടക്കണമെന്നാണ് സർക്കുലർ. പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ചങ്ങനാശ്ശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തും.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം രംഗത്തുവന്നിരുന്നു. സ്പീക്കർ പറഞ്ഞത് മനസിലാക്കാതെ വർഗീയവത്ക്കരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ കുറ്റപ്പെടുത്തി. സുകുമാരൻ നായർ സംഘപരിവാർ പതിപ്പാകുന്നുവെന്നാണ് സിപിഐഎം വിമർശനം.

Related News