മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 20 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു

  • 02/08/2023

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മുതലപ്പൊഴിയില്‍ 20 പേര്‍ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വര്‍ക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാല്‍ വള്ളത്തില്‍ എത്ര പേരുണ്ടായിരുന്നു എന്നുള്ളത് കൃത്യമായി വിവരം ഇതുവരെ ലഭിച്ചിട്ടില്ല. 20 എന്നത് പ്രാഥമിക വിവരമാണ്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ സംയുക്തമായുള്ള തിരച്ചില്‍ ആരംഭിച്ചു .മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടും ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. 16 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.


അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുതലപ്പൊഴിയില്‍ കര്‍ശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടായി. നാല് പേരുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞത്. ലാല്‍സലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തില്‍പ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലില്‍ വീണെങ്കിലും ഉടൻ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധന വകുപ്പിന്റെ ബോട്ടില്‍ ഇദ്ദേഹത്തെ ഹാര്‍ബറിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. കാര്യമായ പരിക്കുകള്‍ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്ബോഴാണ് അപകടങ്ങള്‍ തുടര്‍ച്ചയാകുന്നത്.

Related News