കോളേജ് പ്രിൻസിപ്പല്‍ നിയമനകേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും

  • 02/08/2023

തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിൻസിപ്പല്‍ നിയമനകേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും. പ്രധാന രേഖകള്‍ അഡീഷനല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാൻ കഴിഞ്ഞ ദിവസം ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അന്തിമപട്ടിക കരട് പട്ടികയാക്കാൻ ഉന്നതവിദ്യാസ മന്ത്രി നിര്‍ദ്ദേശിച്ചുള്ള ഫയലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ട്മെൻറല്‍ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്സും ഹാജരാക്കാനാണ് നിര്‍ദ്ദേശം. അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുമ്ബോള്‍ ട്രിബ്യൂണല്‍ നിലപാട് നിര്‍ണ്ണായകമാണ്. പരാതി തീര്‍പ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആ‌ര്‍ ബിന്ദുവിന്റെ വിശദീകരണം. പ്രിൻസിപ്പല്‍ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാര്‍.


സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ര്‍ന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

പ്രിൻസിപ്പല്‍ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിര്‍ണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ടുമെന്‍റല്‍ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉള്‍ക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീല്‍ കമ്മിറ്റി രൂപീകരണത്തിന്‍റെ കാരണം ഈ ഇടപെടലായിരുന്നു. ഡിപ്പാര്‍ട്ടുമെന്‍റല്‍ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിൻസിപ്പല്‍ നിയമനം നല്‍കുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബര്‍ 12നാണ് മന്ത്രി ആര്‍ ബിന്ദു ഫയലില്‍ എഴുതിയത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്ബൂര്‍ണ ഫയല്‍ ഹാജരാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Related News