അനുഷ ലക്ഷ്യമിട്ടത് എയർ എംബോളിസം, ക്രൂരമായ കൊലപാതക ശ്രമം പൊളിച്ചത് ആശുപത്രി ജീവനക്കാർ

  • 04/08/2023

പത്തനംതിട്ട: പരുമലയിൽ നഴ്‌സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംപോളിസം എന്ന മാർഗ്ഗമാണ് പ്രതി സ്വീകരിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയർ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂർവ സങ്കീർണതയാണ് വെനസ് എയർ എംബോളിസം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കിൽ, ഹൃദയ , ശ്വാസകോശം അല്ലെങ്കിൽ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.

നഴ്സിന്റെ വേഷത്തിൽ ആശുപത്രിക്കുള്ളിൽ കടന്ന പുല്ലകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ ( 25)യുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പൊളിഞ്ഞത്. പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്‌നേഹ. അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്. സ്‌നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കാലപാതകം ആസൂത്രണം ചെയ്തത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്.

ഫാർമസിസ്റ്റായിരുന്ന അനുഷ സമർത്ഥമായി എയർ എംബോളിസം മാർഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related News