താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം; എഫ്ഐആറിലുള്ള മൂന്ന് പൊലീസുകാർക്കെതിരെ നടപടിയില്ല; ദുരൂഹത ആവർത്തിച്ച് കുടുംബം

  • 04/08/2023

താനൂരിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ നാല് പൊലീസുകാർ ഉണ്ടെന്നാണ് എഫ്ഐആർ. എന്നാൽ ഇതിൽ 3 പൊലീസുകാർക്ക് എതിരെ ഇത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആകെ സസ്‌പെന്റ് ചെയ്ത എട്ട് പേരിൽ നാല് പേരും എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വഡായ ഡാൻസാഫിൽ ഉൾപെടുന്നവരാണ്. എന്നാൽ ഡാൻസാഫ് സ്‌ക്വഡിനെ കുറിച്ച് എഫ്ഐആറിൽ പരമർശിക്കാത്തതിലും ദുരൂഹതയുണ്ട്. 

താമിർ ജിഫ്രി താനൂർ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണത് പുലർച്ചെ 4:25 നാണ്. ലഹരി കടത്തുമായി ബന്ധപെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത് രാവിലെ 7:3 നും. അതായത് താമിർ മരിച്ചു മൂന്ന് മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ്. ഇങ്ങനെയാണ് എഫ്ഐആറിലുള്ളത്. താമിർ ജിഫ്രിയെ ദേവദാർ പാലത്തിന് സമീപത്ത് നിന്ന് പിടികൂടി എന്ന് എഫ്ഐആറിലുണ്ട്.

താനൂർ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാൽ, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥൻ ലിപിൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ്, ഡ്രൈവർ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. എന്നാൽ ഇക്കൂട്ടത്തിൽ എസ്ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്പെന്റ് ചെയ്തത്. ആകെ 8 പേരെ സസ്പെന്റ് ചെയ്തു. ഇതിൽ 4 പേരും ഡാൻസാഫ് ടീമിൽ ഉള്ളവരാണ് എന്നാണ് വിവരം .എന്നാൽ ഡാൻസാഫിനെ കുറിച്ച് എഫ്ഐആറിൽ ഒരു വിവരവും ഇല്ല. പിന്നെ എന്തിന് ഡാൻസാഫ് ടീം അംഗങ്ങളെ സസ്‌പെന്റ് ചെയ്തു എന്നതാണ് ഉയരുന്ന ചോദ്യം.
പ്രതികളെ നേരത്തെ തന്നെ ഡാൻസാഫ് ടീം പിടിച്ചു കൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇത്.

Related News