ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി; വൈകാരിക രംഗങ്ങൾ

  • 06/08/2023

ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളില്‍ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്. പ്രതിയുമായി വീട്ടിലെത്തിച്ചപ്പോള്‍ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച്‌ പാഞ്ഞെടുത്തു. പിന്നാലെ പ്രതിക്ക് നേരെ കുട്ടിയുെ പിതാവും രോഷത്തോടെ പാഞ്ഞെടുത്തു.


എന്നാല്‍ പൊലീസ് ഇടപെട്ടാണ് ഇവരെ തടഞ്ഞത്. പ്രതിയെ വീട്ടില്‍ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് ഇയാള്‍ക്കെതിരെ പാഞ്ഞടുത്തിരുന്നു. ഏറെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കുട്ടിയുടെ വീട്ടിലെ തെളിവെടുപ്പ് സാക്ഷ്യം വഹിച്ചത്. നാട്ടുകാരും ഇയാള്‍ക്കെതിരെ തിരിഞ്ഞിരുന്നു.എന്നാല്‍ കനത്ത പൊലീസ് സുരക്ഷയില്‍ ഇയാളെ വാഹനത്തില്‍ കയറ്റിയാണ് കൊണ്ടുപോയത്.

ഇന്ന് രാവിലെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയ കടകളിലും ബീവറേജ് കടയിലടക്കം എട്ടിലധികം സ്ഥലത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുമായി മാര്‍ക്കറ്റിലെത്തുന്നതിന് മുമ്ബ് പോയ കടകളിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പ്രതിയുടെ തെളിവെടുപ്പ് വാര്‍ത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആലുവ മാര്‍ക്കറ്റ് പരിസരത്ത് എത്തിയത്. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജനും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കുട്ടിയുടെ വീട്ടിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും അസ്ഫാക്കിനെ എത്തിച്ച്‌ വിശദമായ തെളിവെടുപ്പ് നടത്തിയത്.

അതേസമയം, പ്രതി അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതരസംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. . രണ്ട് സംഘങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും ഇന്നലെ തിരിച്ചു. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ഡല്‍ഹിയിലേക്കും ബീഹാറിലേക്കും തിരിച്ചത്.

Related News