പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി, ഒറ്റക്കെട്ടായ അതിവേഗ തീരുമാനമെന്ന് നേതൃത്വം

  • 08/08/2023

ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിൻറെ സ്ഥാനാർത്ഥി. കെപിസിസി പ്രസിഡൻറ് കെ സുധാകരനാണ് ചാണ്ടി ഉമ്മൻറെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോൺഗ്രസ് നേതാക്കളുടെ ചർച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡൻറ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടിയുമായി സംസാരിച്ചു. 

27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. ഓണക്കാലത്തേക്ക് നീങ്ങുന്ന കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികൾക്ക് കൂടി സാക്ഷിയാകും. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും ജനകീയതയും വൈകാരികമായ നിലയിൽ തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്.

അതേസമയം, 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്. 

Related News