ഡയറിയിൽ സ്വന്തം നേതാക്കളുടെ പേരും: വീണക്കെതിരായ മാസപ്പടി വിവാദം സഭയിലുയർത്താതെ യുഡിഎഫ്

  • 09/08/2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദം ഇന്ന് നിയമ സഭയിൽ കൊണ്ട് വരുന്നതിൽ യുഡിഎഫിൽ തീരുമാനമായില്ല. വിഷയം അടിയന്തിര പ്രമേയമായി സഭയിൽ ഉന്നയിക്കാനായിരുന്നു ആദ്യത്തെ ആലോചന. ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. സഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. എന്നാൽ ഡയറിക്കൊപ്പം സിഎംആർഎൽ പണം നൽകിയവരുടെ രേഖയിൽ സ്വന്തം നേതാക്കളുടെ പേരും വന്നതാണ് യുഡിഎഫ് പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം. വിഷയം ശക്തമായി ഉന്നയിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് യുഡിഎഫ് നേതാക്കളുടെ പിന്മാറ്റം.

കൊച്ചിൻ മിനറൽസ് ആൻറ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി ഡയറി കിട്ടി. ഇതിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്ന് വർഷം നൽകിവന്ന പണത്തിൻറെ കണക്കും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിർകക്ഷികൾക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടത്. കേരളാ തീരത്തെ കരിമണൽ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആർഎല്ലിൻറെ സോഫ്റ്റ് വെയർ അപ്‌ഡേഷനുവേണ്ടിയാരുന്നു വീണാ വിജയൻറെ ഉടമസ്ഥയിലുള്ള എക്‌സാലോജിക്കിന് പണം നൽകിയതെന്നായിരുന്നു വിശദീകരണം. 

എന്നാൽ യാതൊരു സോഫ്റ്റ്വെയർ അപ്‌ഡേഷനും സ്ഥാപനത്തിൽ നടന്നിട്ടില്ലെന്ന് ഇൻകം ടാക്‌സ് അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആർഎൽ നിലപാട്. എന്നാൽ ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നൽകിയത് വഴിവിട്ട ഇടപാടെന്ന് ഇൻകം ടാക്‌സ് വാദിച്ചു. വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓർക്കുന്നില്ലെന്നുമാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്ത വിവാദത്തിൽ പ്രതികരിച്ചത്. ആദായ നികുതി വകുപ്പിൻറെ പക്കലുളള മാസപ്പടി ഡയറിയിലെ വിവരങ്ങൾ നേരത്തെ തന്നെ ഇഡി അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.

Related News