മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും

  • 10/08/2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങൾക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിന്റെ ആരോപണം. 

ഈ ഹർജി ലോകായുക്തയുടെ പരിധിയിൽപ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് കഴിഞ്ഞ പ്രാവശ്യം ഹർജി പരിഗണിച്ചപ്പോൾ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് പയസ് കുര്യക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗബഞ്ച് ഇക്കാര്യം മുമ്പ് പരിശോധിച്ച് തീർപ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹർജി ഇന്നലെ ശശികുമാർ നൽകിയിരുന്നു. ഈ ഹർജിയിലാകും ഇന്ന് വാദം കേൾക്കുക. ലോകായുക്തയുടെ ഡിവിഷൻ ബഞ്ചിൽ അഭിപ്രായ വ്യത്യസമുണ്ടായപ്പോഴാണ് ഹർജി മൂന്നംഗ ബഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്ത് ശശികുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രൻറെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.

Related News