'പതിനായിരങ്ങളെ വിളിച്ചുകൂട്ടിയില്ല'; ഏറ്റവും കൂടുതല്‍ ദുരിതാശ്വാസം നല്‍കിയ മുഖ്യമന്ത്രി, കണക്ക് നിരത്തി തോമസ് ഐസക്

  • 12/08/2023

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെയും രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെയും കാലത്ത് വിതരണം ചെയ്ത ദുരിതാശ്വാസ നിധി തുക താരതമ്യം ചെയ്ത് മുൻധനമന്ത്രി ഡോ. തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ശരാശരി പ്രതിവര്‍ഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയൻ സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ടെന്ന് ഇത് ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇരട്ടിത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 


ജനസമ്ബര്‍ക്ക പരിപാടി എന്ന പേരില്‍ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏര്‍പ്പാടും ഇടതു സര്‍ക്കാര്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈൻ ആയാണ് കൈകാര്യം ചെയ്യുന്നത്.

പതിനായിരങ്ങള്‍ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്ബര്‍ക്ക പരിപാടികളും ശുപാര്‍ശകളും അനാവശ്യമാക്കിത്തീര്‍ത്ത് സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്രസംവിധാനത്തിനു രൂപം നല്‍കിയെന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം കുറിച്ചു. 

Related News