എത്ര തവണ അയോഗ്യനാക്കിയാലും ഞാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടും: രാഹുൽ ഗാന്ധി

  • 12/08/2023

കൽപ്പറ്റ: എത്ര തവണ അയോഗ്യനാക്കിയാനും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താൻ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ ജനത്തോട് പറഞ്ഞു. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.

രാഷ്ട്രീയ ജീവിതത്തിൽ മണിപ്പൂർ പോലൊരു ദുരനുഭവം താൻ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാൻ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരിൽ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകൾക്ക് ബലാത്സംഗം നേരിടേണ്ടി വന്നു. പ്രധാനമന്ത്രി 2 മണിക്കൂർ 13 മിനുറ്റ് പാർലമെന്റിൽ സംസാരിച്ചു. അതിൽ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞത്. 

ഇന്ത്യ എന്ന ആശയത്തെ മണിപ്പൂരിൽ ബിജെപി കൊലപ്പെടുത്തിയെന്ന് അദ്ദേഹം വിമർശിച്ചു. ഭാരത മാതാവിന്റെ ഹത്യയാണ് നടന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ ഇല്ലാതാക്കി. ആയിരക്കണക്കിന് സഹോദരിമാരെ ബലാത്സംഗം ചെയ്തു. ആയിരക്കണക്കിന് ആളുകളെ കൊന്നു. എന്നിട്ടും പ്രധാനമന്ത്രിയായ മോദി ചിരിക്കുകയാണ്. എന്തുകൊണ്ട് അക്രമം തടയാൻ നടപടി എടുത്തില്ല? കാരണം നിങ്ങൾ ദേശീയവാദിയല്ലെന്നും പ്രധാനമന്ത്രിയെ കുറിച്ച് അദ്ദേഹം പറഞ്ഞു.

Related News