കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻ വ്യാജമദ്യ നിർമ്മാണ-വിതരണ കേന്ദ്രം മൊറാലിറ്റി പോലീസ് നടത്തിയ റെയ്ഡിൽ തകർത്തു. റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനധികൃത ഫാക്ടറിയാക്കി മാറ്റി മദ്യ നിർമ്മാണം നടത്തിവന്ന രണ്ട് ഏഷ്യൻ പ്രവാസികളാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിറ്റക്ടീവുകൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിൽ നിയമപരമായ അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതി മദ്യം നിർമ്മിച്ച് കുപ്പികളിലാക്കുന്നതിനിടയിൽ കൈയോടെ പിടിയിലായത്. റെയ്ഡിൽ വിൽപനയ്ക്ക് തയ്യാറാക്കിവെച്ച 180 കുപ്പി മദ്യം, മദ്യം നിറച്ച 18 വലിയ ബാരലുകൾ, വാറ്റിയെടുക്കുന്നതിനും ബാഷ്പീകരണത്തിനും ഉപയോഗിച്ച അത്യാധുനിക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. അങ്ങേയറ്റം വൃത്തിഹീനവും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതുമായ സാഹചര്യങ്ങളിലാണ് ഈ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിർമ്മാണത്തിലും വിതരണത്തിലും പങ്കാളിയായ മറ്റൊരു കൂട്ടാളിയുണ്ടെന്ന് പ്രതി വെളിപ്പെടുത്തി. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ വീണ് രണ്ടാമത്തെ പ്രതിയും അപ്പാർട്ട്മെന്റിലെത്തിയ വേളയിൽ അറസ്റ്റിലായി. നിർമ്മിക്കുന്ന വ്യാജമദ്യം മറ്റ് ഏഷ്യക്കാരായ ഇടനിലക്കാർക്ക് വിൽക്കുകയും അവർ വഴിയാണ് അനധികൃത ശൃംഖലയിലൂടെ വിതരണം നടത്തുകയും ചെയ്തിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു.
പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ വിഭാഗത്തിന് കൈമാറി. ഈ വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിയമവിരുദ്ധ ലഹരിവസ്തു നിർമ്മാണത്തിനും വിതരണത്തിനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നത് തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.



