കുവൈത്ത്സിറ്റി: ഒരാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും 30,000 കുവൈത്തി ദിനാർ മൂല്യമുള്ള പ്രോമിസറി നോട്ടുകളിൽ നിർബന്ധിച്ച് ഒപ്പിടിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് കുവൈത്ത് അപ്പീൽ കോടതി നാല് വർഷം കഠിനതടവ് വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം രണ്ടാം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.കേസിൽ പബ്ലിക് പ്രോസിക്യൂഷനും ഒന്നും രണ്ടും പ്രതികളും സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ച കോടതി, പ്രതികൾക്ക് ശിക്ഷ നൽകാതിരുന്ന കീഴ്‌ക്കോടതി വിധിയിൽ മാറ്റം വരുത്തിയാണ് നാല് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
അതേസമയം മൂന്നാം പ്രതിയെ കുറ്റവിമുക്തനാക്കിയ മുൻവിധി കോടതി ശരിവച്ചു.പ്രോസിക്യൂഷന്റെ കുറ്റപത്രം അനുസരിച്ച്, ഒന്നും രണ്ടും മൂന്നും പ്രതികൾ ചേർന്ന് ഇരയെ ഒരു ദിവാനിയയിൽ തടഞ്ഞുവയ്ക്കുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മൊത്തം KD 30,000 മൂല്യമുള്ള മൂന്ന് പ്രോമിസറി നോട്ടുകളിൽ നിർബന്ധിച്ച് ഒപ്പിടിച്ചതായാണ് ആരോപണം.
പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ ഇരയുടെ സിവിൽ ഐഡി കാർഡും കൈക്കലാക്കിയതായി കേസിൽ ആരോപിച്ചിരുന്നു.നാലാം പ്രതി വാട്സ്ആപ്പ് വഴി ഇരയെ ഭീഷണിപ്പെടുത്തുകയും പ്രോമിസറി നോട്ടുകളുടെ അടിസ്ഥാനത്തിൽ പണം ആവശ്യപ്പെടുകയും ചെയ്തതായും പ്രോസിക്യൂഷൻ ആരോപിച്ചു.മൂന്നാം പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി നിലനിർത്തണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അപ്പീൽ കോടതി അംഗീകരിച്ചു.



