കുവൈറ്റ് സിറ്റി: കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിൽ പൊതുജനാരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷയും കർശനമാക്കുന്നതിന്റെ ഭാഗമായി ‘പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ’ പ്രത്യേക പരിശോധനാ കാമ്പയിൻ സംഘടിപ്പിച്ചു. ഗവർണറേറ്റിലെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന 333 ഭക്ഷ്യവിൽപന ശാലകളിലാണ് പരിശോധനാ ഉദ്യോഗസ്ഥർ ഒരേസമയം മിന്നൽ റെയ്ഡ് നടത്തിയത്.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 55 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമലംഘനത്തിന് പിഴ ചുമത്തുകയും, ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾ ഉടനടി പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.അംഗീകൃത ആരോഗ്യ-സാങ്കേതിക ചട്ടങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു ഈ പരിശോധന. സാധുവായ ഹെൽത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക, സ്ഥാപനങ്ങളിൽ കടുത്ത ശുചിത്വമില്ലായ്മയും മലിനമായ അന്തരീക്ഷവും നിലനിൽക്കുക, ജീവനക്കാർക്ക് ആവശ്യമായ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുകയോ പാകം ചെയ്യുകയോ ചെയ്യുക എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.
ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും, വരും ദിവസങ്ങളിൽ കുവൈറ്റിലെ മുഴുവൻ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

