കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിതറിയ മേഘങ്ങൾ രൂപപ്പെടുന്നതിനൊപ്പം വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. എന്നാൽ കടുത്ത ചൂട് തുടരുന്നതിനാൽ മഴ പെയ്താലും ഭൂമിയിലെത്തുന്നതിന് മുമ്പ് തന്നെ ഭാഗികമായി ബാഷ്പീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അനുഭവപ്പെടുന്ന ഉയർന്ന ഈർപ്പം ‘മർസം’ കാലഘട്ടത്തിന്റെ അവസാന ദിവസങ്ങളോടൊപ്പമാണ്. മർസം അവസാനിച്ചതിന് പിന്നാലെ 13 ദിവസം നീണ്ടുനിൽക്കുന്ന ‘കുലൈബിൻ’ കാലഘട്ടം ആരംഭിക്കും. വരും ദിവസങ്ങളിലും ഈർപ്പനിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരും.ചൊവ്വാഴ്ച പകൽ ഈർപ്പം നേരിയ തോതിൽ കുറയുമെങ്കിലും ബുധനാഴ്ച വൈകുന്നേരം മുതൽ വീണ്ടും ഉയരും. വ്യാഴാഴ്ചയും ഉയർന്ന ഈർപ്പം തുടരുമെന്നും മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ കാരണം ചില പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും റമദാൻ വ്യക്തമാക്കി.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഈർപ്പം അടുത്ത ശനിയാഴ്ച വരെ തുടരാനാണ് സാധ്യത. ഞായറാഴ്ച മുതൽ ഏതാനും ദിവസത്തേക്ക് ഈർപ്പനില കുറയുമെന്നാണ് പ്രവചനം.അതേസമയം രാജ്യത്തെ താപനില ഉയർന്ന നിലയിൽ തുടരും. 43 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഉയർന്ന ഈർപ്പത്തോടൊപ്പം കടുത്ത ചൂട് കൂടുതൽ അനുഭവപ്പെടും.
കുവൈത്തിൽ വേനൽക്കാല മഴ അപൂർവമാണെന്നും തെക്കുകിഴക്കൻ കാറ്റ് ശക്തമാകുകയും അന്തരീക്ഷ ഈർപ്പം ഉയരുകയും മേഘരൂപീകരണത്തിന് അനുകൂല സാഹചര്യം ഉണ്ടാകുകയും ചെയ്യുമ്പോഴാണ് മഴയ്ക്ക് സാധ്യത വർധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.യുഎഇ, ഒമാൻ എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്തിലെ ഭൂമിശാസ്ത്രപരവും അന്തരീക്ഷപരവുമായ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാലാണ് ഇവിടെ വേനൽമഴയ്ക്കുള്ള സാധ്യത പൊതുവെ കുറവെന്നും ഈസ റമദാൻ വ്യക്തമാക്കി.



