കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബ്നൈദ് അൽ-ഗർ മേഖലയിൽ അർദ്ധരാത്രിയിൽ അധികൃതർ നടത്തിയ നാടകീയമായ സുരക്ഷാ റെയ്ഡിൽ, ഒരു ജനവാസ വീടിനുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണ ശൃംഖല സുരക്ഷാ വിഭാഗം കണ്ടെത്തി പൂട്ടി. നിയമലംഘകരെയും അനധികൃത പ്രവർത്തനങ്ങളെയും കണ്ടെത്താനായി രാജ്യവ്യാപകമായി നടത്തുന്ന കർശന കാമ്പയിന്റെ ഭാഗമായാണ് ഈ മിന്നൽ പരിശോധന നടന്നത്. കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗ് സംഘം, കുവൈറ്റ് മുൻസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവർ സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്.ഒരു വീടിന്റെ മതിൽക്കെട്ടിനുള്ളിലെ തുറസ്സായ ഭാഗം പൂർണ്ണമായും മറച്ചുകെട്ടിയാണ് ഈ അനധികൃത കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഒരേസമയം ലൈസൻസില്ലാത്ത ഫുഡ് വെയർഹൗസ് (ഗോഡൗൺ), റെസ്റ്റോറന്റ്, തൊഴിലാളികളുടെ താമസ്ഥലം എന്നിവയായിട്ടാണ് ഈ സ്ഥലം ഉപയോഗിച്ചിരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. റെയ്ഡ് നടക്കുന്ന സമയത്ത് നിരവധി പ്രവാസി തൊഴിലാളികളെയും, ഹോം ഡെലിവറിക്കായി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളുകളും, വൻതോതിൽ ഭക്ഷണം പാകം ചെയ്യാനുള്ള ആധുനിക ഉപകരണങ്ങളും ഇവിടെ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മുൻസിപ്പാലിറ്റിയുടെയോ ആരോഗ്യ മന്ത്രാലയത്തിന്റെയോ യാതൊരുവിധ അനുമതിയുമില്ലാതെ, കടുത്ത ആരോഗ്യ ലംഘനങ്ങൾ നടത്തിയാണ് ഇവിടെ നിന്നും ആഹാരം വിതരണം ചെയ്തിരുന്നത്.
യാതൊരുവിധ ലൈസൻസുമില്ലാതെ ഭക്ഷ്യസ്ഥാപനം നടത്തുക, നിയമവിരുദ്ധമായി ഭക്ഷണസാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങിയ നിരവധി ഗുരുതരമായ നിയമലംഘനങ്ങൾ പരിശോധനാ സംഘം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രഹസ്യ കേന്ദ്രവും അവിടെയുണ്ടായിരുന്ന ഡെലിവറി ബൈക്കുകളും ഉടനടി നീക്കം ചെയ്യാനുള്ള നോട്ടീസ് മുൻസിപ്പാലിറ്റി അധികൃതർ സ്ഥലത്തുതന്നെ പതിപ്പിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രവാസി തൊഴിലാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

