കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വർഷത്തെ (2026/2027) ബജറ്റിൽ പിഴകൾ, പിഴപ്പലിശകൾ, കണ്ടുകെട്ടലുകൾ എന്നിവയിലൂടെയുള്ള വരുമാനത്തിൽ വൻ വർദ്ധനവ് പ്രതീക്ഷിച്ച് കുവൈറ്റ്. ഏകദേശം 374.610 ദശലക്ഷം ദിനാറാണ് ഈ ഇനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 8.091 ദശലക്ഷം ദിനാറിന്റെ വർദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.
ബജറ്റ് റിപ്പോർട്ട് പ്രകാരം ആകെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള പിഴകളിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ ട്രാഫിക് പിഴയിനത്തിൽ മാത്രം 200 ദശലക്ഷം ദിനാറും ക്രിമിനൽ പിഴകളിലൂടെ 47 ദശലക്ഷം ദിനാറും ലഭിക്കുമെന്ന് കണക്കാക്കുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളിലൂടെ 45 ദശലക്ഷം ദിനാറും സർക്കാർ ഖജനാവിലേക്ക് എത്തും. നിയമവാഴ്ചയും ദേശീയ സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നതിന്റെ പ്രതിഫലനമാണ് ഈ വരുമാന കണക്കുകളെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭരണപരമായ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കോടതികളും മറ്റ് നിയമ സ്ഥാപനങ്ങളും ചുമത്തുന്ന പിഴകൾക്കൊപ്പം, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകളും പ്രൊഫഷണൽ അച്ചടക്കം വളർത്തുന്നതിനായി ഈ വരുമാന പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ വിഭവസമൃദ്ധമായ സാമ്പത്തിക അടിത്തറ പാകാൻ ഈ നടപടികൾ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
