കുവൈത്ത്സിറ്റി: കുവൈറ്റ് വൈദ്യുതി ജല മന്ത്രാലയത്തിന്റെ ഔദ്യോഗിക കമ്പ്യൂട്ടർ സംവിധാനങ്ങളിൽ അനധികൃതമായി കടന്നുകയറി ബില്ലുകളിൽ തിരിമറി നടത്തുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്ത കേസിൽ മൂന്ന് ഈജിപ്ഷ്യൻ പൗരന്മാർക്ക് കുവൈറ്റ് അപ്പീൽ കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ചു.
തടവുശിക്ഷയ്ക്ക് പുറമേ പ്രതികൾ ഒരോരുത്തരും 5,000 കുവൈറ്റ് ദിനാർ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഔദ്യോഗിക ബില്ലിംഗ് റെക്കോർഡുകളിൽ ഇവർ മാറ്റങ്ങൾ വരുത്തിയതായി കോടതി കണ്ടെത്തി. മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗം നടത്തിയ അതിവേഗ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഇവർ സിസ്റ്റത്തിൽ അനധികൃതമായി ലോഗിൻ ചെയ്ത് വലിയ തുകകളുടെ വൈദ്യുതി ബില്ലുകളിൽ വ്യത്യാസം വരുത്തിയതായി ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു.അതേസമയം, ഇതേ കേസിൽ സംശയത്തിന്റെ നിഴലിലാവുകയും തുടർന്ന് അന്വേഷണ പരിധിയിൽ വരികയും ചെയ്ത ഒരു പ്രമുഖ വ്യവസായിയെയും സെക്യൂരിറ്റി ഗാർഡിനെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. ഇവരെ വിട്ടയച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.

