കുവൈത്ത്: ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനോ മുഹമ്മദ് നബിയുടെ ചര്യയോ സ്ത്രീയോട് ഒരു അനീതിയും കാണിക്കുന്നില്ല എന്ന് ഐവ വാർത്ത കുറിപ്പിൽ അറിയിച്ചു .സ്ത്രീകൾക്ക് ജനിക്കാനും ജീവിക്കാനും അവകാശമില്ലാതിരുന്ന ഒരു കാലത്താണ് സ്ത്രീകളെ പ്രത്യേകം പരിഗണിക്കുകയും അവൾക്ക് ജനിക്കാനും മാന്യമായി ജീവിക്കാനുമുള്ള സ്വാതന്ത്ര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നത്. സ്ത്രീകൾ പുറത്തിറങ്ങരുതെന്നോ സാമൂഹ്യ പ്രവർത്തനം നടത്താൻ പാടില്ല എന്നോ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നോ ഇസ്ലാം വിലക്കുന്നില്ല.
മുസ്‌ലിം സ്ത്രീകൾ പൊതു രംഗത്തേക്ക് ഇറങ്ങരുത്, അവർ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് വേണ്ടത് എന്ന മട്ടിൽ ചില മുസ്‌ലിം പണ്ഡിതൻമാർ അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ അത് ഇസ്‌ലാമോ ഫോബിയക്ക് വളമാവുകയാണ് ചെയ്യുന്നത് .ഈ അവസരം ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെയും മുസ്ലിംകളെയും കടന്നാക്രമിക്കാനും അപഹസിക്കാനുമാണ് പലരും ശ്രമിക്കുന്നത് ഇത് സംബന്ധിച്ച് ഇസ്‌ലാമിൻ്റെ പ്രമാണങ്ങളും ചരിത്രവും എന്ത് പറയുന്നു എന്ന് കാര്യമായി ആരും പരിശോധിക്കുന്നില്ല.
പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്ര ധാരണവും അച്ചടക്ക പൂർണമായ പെരുമാറ്റവും പുരുഷനും സ്ത്രീക്കും വേണ്ടതാണ് , അത് പുരോഗതിക്കെതിരല്ല , ഐവ കൂട്ടിച്ചേർത്തുഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ അവളുടെ മതപരമായ വ്യക്തിത്വത്തിൽ നിന്ന് വേർതിരിച്ച് കാണാനാകില്ല. അതേസമയം, മതത്തിന്റെ പേരിലോ മതവിരുദ്ധതയുടെ പേരിലോ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ട്.ഈ വിഷയത്തിൽ മുൻവിധികളില്ലാത്ത, പരിഹാസങ്ങളില്ലാത്ത എല്ലാ വിധ ചർച്ചകളും ഐവ സ്വാഗതം ചെയ്തു .



