മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടെമിസ് ദൗത്യത്തിന്റെ നി‍ർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിൽ

  • 14/06/2021

കൊച്ചി: മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ സംവിധാനത്തിന്റെ (എസ്‌എൽ‌എസ്) നി‍ർമ്മാണം അവസാന ഘട്ടത്തിൽ. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ എഞ്ചിനീയർമാർ രണ്ട് ചെറിയ ബൂസ്റ്റർ റോക്കറ്റുകൾക്കിടയിൽ 65 മീറ്റർ ഉയരമുള്ള കോർ സ്റ്റേജ് ഘടിപ്പിച്ചതായി ബിബിസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. റോക്കറ്റിന്റെ മൂന്ന് പ്രധാന ഘടകങ്ങളും വിക്ഷേപണ സ്ഥലത്ത് ഒന്നിക്കുന്നത് ഇതാദ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ ദശകത്തിൽ മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിനുള്ള ഏജൻസിയുടെ ആർടെമിസ് ദൗത്യത്തിന്റെ ഭാഗമായ എസ്‌എൽ‌എസിന്റെ നി‍ർമ്മാണം ഈ വർഷം അവസാനം പൂ‍ർത്തിയാകുമെന്നാണ് വിവരം. ആർ‌ടെമിസ് 1 ദൗത്യത്തിൽ ചന്ദ്രനിലേക്ക് ക്രൂ ഇല്ലാതെ ഒരു ഓറിയോൺ ബഹിരാകാശ പേടകത്തെ അയയ്ക്കും. ആർ‌ടെമിസ് II ദൗത്യം ഒരു ക്രൂവിനൊപ്പം 2023ൽ പറന്നുയരുമെന്നാണ് റിപ്പോ‍ർട്ടുകൾ.

54 മീറ്റർ നീളമുള്ള രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ (എസ്‌ആർബികൾ) ഉൾക്കൊള്ളുന്ന പ്രൊപ്പല്ലന്റ് ടാങ്കുകളും നാല് ശക്തമായ എഞ്ചിനുകളും ഉൾക്കൊള്ളുന്ന ഭീമൻ കോർ സ്റ്റേജാണ് എസ്‌എൽ‌എസിൽ ഉള്ളത്. ഫ്ലൈറ്റിന്റെ ആദ്യ രണ്ട് മിനിറ്റിനുള്ളിൽ എസ്‌എൽ‌എസിനെ നിലത്തുനിന്ന് ഉയ‍ർത്തുന്ന ത്രസ്റ്റ് ഫോഴ്‌സാണ് ആ‍ർട്ടെമെസിലുള്ളത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ വിവിധ ടീമുകൾ ചേ‍ർന്ന് ഒരു ഹെവി-ലിഫ്റ്റ് ക്രെയിൻ ഉപയോഗിച്ച്‌ ആദ്യം കോർ സ്റ്റേജ് ഉയർത്തുകയും ലംബമായി നി‍‍ർത്തിയതിന് ശേഷം സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് മൊബൈൽ ലോഞ്ചർ എന്ന ഘടനയിൽ എസ്‌ആ‍ർബികൾക്കിടയിൽ അത് താഴ്ത്തി ഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

റൊട്ടേഷൻ, പ്രോസസ്സിംഗ്, സർജ് ഫെസിലിറ്റി എന്നിവയിൽ നിന്ന് വെഹിക്കിൾ അസംബ്ലി ബിൽഡിംഗിലേയ്ക്ക് എഞ്ചിനീയർമാർ ബൂസ്റ്റർ സെഗ്‌മെന്റ് എത്തിച്ചതോടെ കഴിഞ്ഞ വർഷം നവംബർ 19 നാണ് സ്റ്റാക്കിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗ്രീൻ റൺ എന്നറിയപ്പെടുന്ന സമഗ്രമായ മൂല്യനിർണ്ണയ പരിപാടിക്ക് വിധേയമാക്കാൻ മിസിസിപ്പിയിലെ ഒരു ടെസ്റ്റ് സ്റ്റാൻഡിൽ കോർ സ്റ്റേജ് ഘടിപ്പിച്ചിരുന്നു. മാർച്ചിൽ, കോർ സ്റ്റേജ് എഞ്ചിനുകൾ എട്ട് മിനിറ്റോളം വിജയകരമായി പ്രവ‍ർത്തിപ്പിച്ചു. ചില പുതുക്കലുകൾ നടത്തിയ ശേഷം, കോർ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ഓറിയോൺ ബഹിരാകാശ പേടകങ്ങളെയും ബഹിരാകാശയാത്രികരെയും മറ്റ് സാധനങ്ങളും ചന്ദ്രനിലേക്ക് ഒരൊറ്റ ദൗത്യത്തിൽ അയയ്ക്കാൻ കഴിയുന്ന ഒരേയൊരു റോക്കറ്റാണ് എസ്‌എൽ‌എസ് എന്ന് നാസ പറഞ്ഞു.

നാസയുടെ ആർടെമിസ് ദൗത്യം ഉപയോഗിച്ച്‌ ചന്ദ്രന്റെ ഇതുവരെ ആരും സന്ദർശിച്ചിട്ടില്ലാത്ത ഭാഗത്തായിരിക്കും നാസ പര്യവേക്ഷണം നടത്തുക. ചന്ദ്രനുമായി ബന്ധപ്പെട്ട ഗ്രീക്ക് പുരാണങ്ങളിലെ ദേവതയും അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയുമായ ആർട്ടെമിസിന്റെ പേരിൽ നിന്നാണ് ദൗത്യത്തിനുള്ള പേര് സ്വീകരിച്ചിരിക്കുന്നത്. ചൊവ്വയിലേക്കുള്ള നാസ ദൗത്യത്തിന് വഴികാട്ടുന്നതു കൂടിയായിരിക്കും ആർട്ടെമിസ് ദൗത്യം.

Related Articles