സാംസ്കാരിക നവോത്ഥാനത്തിന് വെളിച്ചം പകർന്നത് ഇസ്‌ലാം: കെ.കെ.ഐ.സി സമ്മേളനം

  • 03/09/2023



മനുഷ്യജീവിതത്തിന്റെ വിവിധ തുറകളിൽ സാംസ്കാരിക പരിവർത്തനങ്ങൾക്ക് വെളിച്ചം പകർന്ന ദർശനമാണ് ഇസ്‌ലാമെന്നും ആധുനിക കാലത്തെ സാംസ്കാരിക സമസ്യകൾക്ക് പ്രായോഗിക പരിഹാരം ഇസ്ലാമിൻ്റെ അധ്യാപനങ്ങളിൽ കണ്ടെത്താനാവുമെന്നും കുവൈത്ത് കേരള ഇസ്ലാഹി സെൻറർ  അബ്ബാസിയ സോൺ സംഘടിപ്പിച്ച ചർച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു. മധ്യകാല യൂറോപ്യൻ നവോത്ഥാനത്തിനും നൂറ്റാണ്ടുകൾക്കുമുമ്പ് അറേബ്യൻ അജ്ഞാനകാലത്തെ അന്ധകാരത്തിൽനിന്ന് മനുഷ്യസമൂഹത്തെ ധാർമികതയുടെയും സംസ്കാരത്തിൻറെയും വെളിച്ചത്തിലേക്ക് നയിച്ചതും മനുഷ്യാവകാശപാലനത്തിൻ്റെയും  സാമൂഹ്യനീതിയുടെയും ക്ഷേമരാഷ്ട്രത്തിന്റെയും ഉദാത്തമാതൃക ലോകത്തിന് സമ്മാനിച്ചതും ഇസ്‌ലാമാണ്.  വിജ്ഞാനവിനിമയങ്ങൾക്ക്  ഇസ്‌ലാം നൽകിയ പ്രോത്സാഹനം  വിവിധ ശാസ്ത്രശാഖകൾക്ക് അടിത്തറയിടാൻ പിൽക്കാല മുസ്‌ലിം പണ്ഡിതർക്ക് പ്രചോദനമായി. ഇസ്ലാമിക സാംസ്കാരിക വളർച്ചയുടെ രംഗവേദിയായി മാറിയ മുസ്‌ലിം സ്പെയ്ൻ വഴിയാണ് അറിവിൻ്റെ വെളിച്ചം യൂറോപ്പിലേക്ക് പ്രവേശിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക നവോത്ഥാനം: ഇസ്‌ലാം വഴികാട്ടുന്നു എന്ന തലക്കെട്ടിൽ വിഷയത്തിൻ്റെ വിവിധവശങ്ങൾ പ്രഭാഷകർ വിശദീകരിച്ചു.

വിശ്വാസം, സംസ്കാരം, സമാധാനം എന്ന കേമ്പയ്ൻ്റെ ഭാഗമായി അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഇസ്ലാഹീ സെൻറർ ആക്ടിങ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. 

അബ്ബാസിയ്യ സോൺ പ്രസിഡൻറ് അബ്ദുൽ അസീസ് നരക്കോടിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ടി.പി. മുഹമ്മദ് അബ്ദുൽ അസീസ് ആശംസ പ്രഭാഷണം നടത്തി. 

പി.എൻ. അബ്ദുറഹ്മാൻ , കെ.സി.മുഹമ്മദ് നജീബ്, അബ്ദുസ്സലാം സ്വലാഹി, അഷ്റഫ് എകരൂൽ, അബ്ദുറഹ്മാൻ തങ്ങൾ, സമീർ അലി എന്നിവർ വിഷയത്തിന്റെ വിവിധ തലങ്ങൾ വിശദീകരിച്ചു. 
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം സെൻറർ ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ നിർവ്വഹിച്ചു. 

സോൺ ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും, പ്രോഗ്രാം കൺവീനർ അസ്‌ലം ആലപ്പി നന്ദിയും പറഞ്ഞു.

Related News