ആശുപത്രിയില്‍ ബലാത്സംഗം; അതിക്രമം 19കാരി വിവാഹ വാഗ്ദാനം നിരസിച്ചതിനു പിന്നാലെ

  • 18/09/2023

19കാരിയെ ആശുപത്രിയില്‍ വെച്ച്‌ കാന്‍റീന്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തെന്ന് പരാതി. ഹൈദരാബാദിലെ എസ്‌ആര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുളള സഹോദരനെ പരിചരിക്കാന്‍ എത്തിയതായിരുന്നു യുവതി. ലിഫ്റ്റില്‍ തന്നെ പിന്തുടര്‍ന്ന പ്രതി, ആശുപത്രി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. 

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 19 കാരിയെ പ്രതിക്ക് പരിചയപ്പെടുത്തിയതെന്ന് എസ്‌ആര്‍ നഗര്‍ പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനും പരാതിക്കാരിയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. കാന്‍റീനില്‍ ജോലി ചെയ്യുന്നയാള്‍ എന്നു പറഞ്ഞാണ് സുരക്ഷാ ജീവനക്കാരന്‍ യുവാവിനെ പരിചയപ്പെടുത്തിയത്. എന്ത് ആവശ്യത്തിനും സമീപിക്കാമെന്നും പറഞ്ഞു. യുവതി കാന്‍റീനില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴായിരുന്നു ഇത്.

പിന്നീട് യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ പ്രതി പിന്തുടര്‍ന്നു. തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ലിഫ്റ്റ് അഞ്ചാം നിലയില്‍ എത്തിയപ്പോള്‍ രണ്ടാം നിലയില്‍ വെച്ച്‌ സംസാരിക്കാമെന്ന് പറഞ്ഞു. ലിഫ്റ്റ് രണ്ടാം നിലയിലെത്തിയപ്പോള്‍ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പ്രതി പറഞ്ഞു. ഫോണ്‍ നമ്ബര്‍ നല്‍കാന്‍ യുവതിയെ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ പ്രതി യുവതിയെ ബലം പ്രയോഗിച്ച്‌ കെട്ടിടത്തിന്‍റെ അതേ നിലയിലെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Related News