'നാഷണല്‍ ജനതാദള്‍'; എല്‍ജെഡി ലയന നീക്കത്തിനിടെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ആര്‍ജെഡി സംസ്ഥാന കമ്മിറ്റി

  • 08/10/2023

കോഴിക്കോട്: എല്‍ജെഡി-ആര്‍ജെഡി ലയന നീക്കത്തിനിടെ, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ആര്‍ജെഡി സംസ്ഥാന കമ്മിറ്റി. നാഷണല്‍ ജനതാദള്‍ എന്ന പേരിലാണ് പുതിയ പാര്‍ട്ടി. പുതിയ പതാകയും ഉയര്‍ത്തി. ഒക്ടോബര്‍ 17ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തും. ലയനത്തിന്റെ പേരില്‍ കേരളത്തില്‍ ആര്‍ജെഡിയെന്ന പേര് എല്‍ജെഡി വില കൊടുത്ത് വാങ്ങുകയാണെന്ന് കോഴിക്കോട് ചേര്‍ന്ന ആര്‍ജെഡി സംസ്ഥാന പ്രവര്‍ത്തക യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

കേരളത്തില്‍ എല്‍ജെഡി ആര്‍ജെഡിയില്‍ ലയിക്കുമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ലയന സമ്മേളന തീയതി പ്രഖ്യാപിച്ചു. എന്നാല്‍ ആര്‍ജെഡി സംസ്ഥാന കമ്മിറ്റിയോട് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ദേശീയ ജനറല്‍ സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് തേജസ്വി യാദവും ശ്രേയാംസ് കുമാറും ലയനം പ്രഖ്യാപിച്ചതെന്ന് നാഷണല്‍ ജനതാദള്‍ ആരോപിച്ചു. 

യുഡിഎഫിനൊപ്പമാണ് കേരളത്തില്‍ ആര്‍ജെഡി നില്‍ക്കുന്നത്. എന്നാല്‍ ലയന ശേഷം ഇടതുമുന്നണിയില്‍ നില്‍ക്കുമെന്നാണ് ശ്രേയാംസ് പ്രഖാപിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാത്ത സംസ്ഥാന ഘടകം പുതിയ സംഘടനാ സംവിധാനം ഉണ്ടാക്കണമെന്നും യുഡിഎഫിനൊപ്പം നില്‍ക്കണമെന്നും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തില്‍ പറഞ്ഞു.

Related News