'കുഞ്ഞിനെ കൊന്നിട്ടില്ല', ഉറങ്ങിയെഴുന്നേറ്റപ്പോള്‍ മരിച്ച നിലയിലെന്ന് സുചനയുടെ മൊഴി, ഭര്‍ത്താവിനെ ചോദ്യം ചെയ്യും

  • 10/01/2024

നാലുവയസുകാരനായ മകനെ താന്‍ കൊന്നിട്ടില്ലെന്നാണ് സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്തിന്റെ മൊഴിയെന്ന് ഗോവന്‍ പൊലീസ്. 'ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. എങ്ങനെ മരിച്ചുവെന്ന് അറിയില്ല. ഇതോടെ താന്‍ ഭയപ്പെട്ട് പോയി. കുറച്ച്‌ നേരം മൃതദേഹത്തിന്റെ അരികില്‍ ഇരുന്നു.'

തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് സുചനയുടെ മൊഴിയെന്ന് ഗോവന്‍ പൊലീസ് പറഞ്ഞു. സുചനയുടെ ഈ മൊഴി വിശ്വസിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊല്ലാനുള്ള കാരണങ്ങള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞാല്‍ സുചനയുടെ ഭര്‍ത്താവ് വെങ്കട്ടരാമനെ ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങുകള്‍ കഴിഞ്ഞശേഷം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് വെങ്കട്ടരാമനും കുടുംബവും പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് പറഞ്ഞു.

Related News