അയോധ്യ ചടങ്ങില്‍ വിട്ടുനില്‍ക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം

  • 10/01/2024

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോണ്‍ഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളില്‍ പൂജകളിലോ ചടങ്ങുകളിലോ പാര്‍ട്ടി നേതാക്കള്‍ പങ്കുചേരുന്നത് എതിര്‍ക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിര്‍പ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു.

ആര്‍എസ്‌എസ് പരിപാടിയെ ആണ് എതിര്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കള്‍ പാര്‍ട്ടിയില്‍ പരസ്യ തര്‍ക്കം വേണ്ടെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ പാര്‍ട്ടി നേതാവ് അര്‍ജുൻ മോദ്വാഡിയ പാര്‍ടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. കോണ്‍ഗ്രസിന് രാവണ മനോഭാവമെന്നാണ് ബിജെപി വിമര്‍ശനം.

പാര്‍ട്ടിയില്‍ ദേശീയ തലത്തില്‍ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കള്‍ കെസി വേണുഗോപാലും ജയ്റാം രമേശുമാണ്. ഇവര്‍ രണ്ട് പേരുടെയും നിലാപാടാണ് അയോധ്യ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഉചിതമായ സമയം കാത്തുനിന്ന കോണ്‍ഗ്രസിന് ശങ്കരാചാര്യന്മാരുടെ നിലപാട് സഹായമായി. ഇന്നലെ രാവിലെ മുതല്‍ ശങ്കരാചാര്യന്മാര്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Related News