'55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു'; മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു

  • 13/01/2024

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മിലിന്ദിൻ്റെ രാജി. തന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ അറിയിച്ചു. 

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ യാത്ര നടത്തുക. രാവിലെ പതിനൊന്നോടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക.

ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഥൗബലില്‍ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക. മല്ലികാര്‍ജുൻ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. 

Related News