രാഹുല്‍ ഗാന്ധിയെ കണ്‍വീനര്‍ സ്ഥാനത്ത് നിര്‍ദേശിച്ച്‌ നിതീഷ്കുമാര്‍; താത്പര്യമില്ല, ജോഡോ യാത്രയുടെ തിരക്കിലെന്ന് രാഹുല്‍

  • 13/01/2024

ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമില്ലെന്നും ജോ‍‍ഡോ യാത്രയുടെ തിരക്കിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ആര്‍ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും തല്‍സ്ഥാനത്തേക്ക് നിര്‍ദശിച്ചെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ലാലുവും ഒഴിഞ്ഞു മാറിയെന്നാണ് സൂചന. അതേസമയം എല്ലാ കക്ഷികളും അംഗീകരിച്ചെങ്കില്‍ മാത്രമേ പദവി ഏറ്റെടുക്കുകയുള്ളൂവെന്നാണ് നിതീഷ്കുമാറിന്റെ നിലപാട്. 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ യാത്ര നടത്തുക . രാവിലെ പതിനൊന്നോടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക.

ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഥൗബലില്‍ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

Related News