ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമാണ് മണിപ്പൂര്‍: രാഹുല്‍ ഗാന്ധി

  • 14/01/2024

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിക്കും ബിജെപിക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. ആകാശത്തിലും സമുദ്രത്തിന് അടിയിലും പോകുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനാഹ്വാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെയും ആര്‍എസ് എസിന്റെയും ഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഈ യാത്ര. സമാധാനാഹ്വാനവുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരില്‍നിന്ന് തുടങ്ങുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജൂണ്‍ 29നു ശേഷം മണിപ്പുര്‍ യഥാര്‍ഥ മണിപ്പൂരല്ല. മണിപ്പൂര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു, മുക്കിലും മൂലയിലും വരെ വിദ്വേഷം പടര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് നഷ്ടം സംഭവിച്ചു. എന്നാല്‍ ഇതുവരെ ജനങ്ങളുടെ കണ്ണീരകറ്റാൻ, കൈകള്‍ ചേര്‍ത്തുപിടിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടേക്ക് എത്തിയില്ല. വളരെയേറെ അപമാനകരമായ കാര്യമാണത്.

ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും വിദ്വേഷത്തിന്റെ പ്രതീകമാണ് മണിപ്പൂര്‍. ബിജെപിയുടെ കാഴ്ചപ്പാടിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണ് മണിപ്പൂരെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മോദിക്ക് ഏകാധിപത്യ മനോഭാവമാണെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.

Related News